Kerala News Must Read National

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും


ഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ നിലവിൽ വരും. ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ല.

ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് സുപ്രധാന നിരീക്ഷണം. അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനെ അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞയുടൻ തന്നെ നിയമനാധികാരി ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാലും, സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് അധികാരികളിൽ നിന്ന് ലഭിക്കുന്നത് വരെ സസ്‌പെൻഷൻ തുടരും.