Auto

ഇന്ത്യൻ വിപണിയിലേക്ക് റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് എത്തുന്നു

ഇന്ത്യൻ വിപണിയിലേക്ക് ഇലക്ട്രിക് എസ്‌യുവി എത്തിക്കാൻ ലാൻഡ് റോവർ. റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് എന്ന എസ്‌യുവിയാണ് എത്തിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം തന്നെ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. റേഞ്ച് റോവർ സ്പോർട്ടിന്റെ നിലവിലുള്ള പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾക്കൊപ്പമാണ് പുതിയ ഇവിയും ലഭ്യമാകുക. 690 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക്കിൽ 118.5kWh ബാറ്ററി പാക്കും രണ്ട് 260kW ഇലക്ട്രിക് മോട്ടോറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ സംയോജിച്ച് 550bhp കരുത്തും 850Nm ടോർക്കും നൽകുന്നു. റേഞ്ച് റോവർ സ്പോർട്ട് മോഡലുകളിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ടോർക്ക് ഔട്ട്‌പുട്ടാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ‘ഡൈനാമിക് ലോഞ്ച് മോഡ്’ ഉപയോഗിക്കുമ്പോൾ ഈ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 kmph വേഗതയിലേക്ക് എത്താൻ വെറും 4.5 സെക്കൻഡ‍് മാത്രം മതി.

800V ഇലക്ട്രിക്കൽ ആർക്കിടെക്ചർ ഡിസി‌ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിലൂടെ വെറും 10 മിനിറ്റിനുള്ളിൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. റാപ്പിഡ് ചാർജർ ഉപയോഗിക്കുമ്പോൾ, 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 22 മിനിറ്റ് സമയം മതിയാകും. ഇലക്ട്രിക് പവർട്രെയിനിനായി പ്രത്യേകം ഷാസി സജ്ജീകരണത്തോടെയാണ് റേഞ്ച് റോവർ സ്പോർട് ഇലക്ട്രിക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡൈനാമിക് എയർ സസ്പെൻഷൻ, ട്വിൻ വാൽവ് ഡാംപറുകൾ, അഡാപ്റ്റീവ് ഡൈനാമിക്സ്, ഇലക്ട്രോണിക് ആക്റ്റീവ് റോൾ കൺട്രോൾ, ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ എസ്‌യുവിയിൽ ‘ബാറ്ററി ഡിജിറ്റൽ ട്വിൻ’ സംവിധാനവും റേഞ്ച് റോവർ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ബാറ്ററി നിരീക്ഷിക്കാനും ‘ഓവർ-ദി-എയർ’ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി അറ്റകുറ്റപ്പണികൾ നടത്താനും കമ്പനിക്ക് സാധിക്കുന്നു. ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെ വാറന്റി ലഭിക്കും.