മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പുതിയ കരാറില്‍ ഒപ്പുവെക്കുന്നത് താരം നിരസിച്ചു. നിലവിലെ കരാര്‍ കാലഹരണപ്പെടാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ബ്രൂണോ ക്ലബില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന കാര്യം മാനേജ്മെന്റിനോട് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ കരാറിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയ വേളയില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസ് അത് നിരസിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം 32 കാരനായ താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനും ജനുവരിയില്‍ വിദേശ ക്ലബ്ബുകളുമായി സംസാരിക്കുന്നതില്‍ നിന്ന് തടയാനും യുണൈറ്റഡിന് ഓപ്ഷന് ഉണ്ട്. കഴിഞ്ഞ സീസണില്‍ തന്നെ ക്ലബ് വിടാനുള്ള താല്‍പ്പര്യം താരം പ്രകടിപ്പിച്ചിരുന്നു. സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുന്നതിനായിരുന്നു അന്ന് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മാഞ്ചസ്റ്ററില്‍ തന്നെ തുടരുകയായിരുന്നു.
തങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറാകുമെന്നാണ് വരുന്ന വിവരങ്ങള്ഡ. കഴിഞ്ഞ സീസണില്‍ 21 അസിസ്റ്റുകള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് പ്രീമിയര്‍ ലീഗിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ആ സീസണില്‍ തന്നെ പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയും ബ്രൂണോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനിടെ മൗറീഷ്യോ പോച്ചെറ്റിനോയെ യുണൈറ്റഡിന്റെ പുതിയ ഹെഡ് കോച്ചായി ഉടന്‍ പ്രഖ്യാപിച്ചേക്കും.
