India News Kerala News Obituaries & Announcements Switzerland Malayalee News Switzerland News

“മാവേലി മന്നൻ അരങ്ങൊഴിഞ്ഞു… സ്വിസ് മലയാളികളുടെ ഹൃദയങ്ങളിൽ തീരാനൊമ്പരമായി തോമസ് മൂക്കനാംപറമ്പിൽ!”

മാവേലി മന്നന്റെ അപ്രതീക്ഷിത വിടവാങ്ങൽ… തേങ്ങലടക്കാനാവാതെ സ്വിസ് മലയാളികൾ!

സ്വിസ് മലയാളികളുടെ ഓണസ്മരണകളിൽ ഇനി ഒരു നൊമ്പരച്ചായം…മാവേലി മന്നനായി അനേകം ഹൃദയങ്ങളിൽ സ്നേഹത്തിന്റെ നിറവായി ജീവിച്ച തോമസ് മൂക്കനാംപറമ്പിലിന്റെ വേർപാട് ഏവർക്കും തീരാനഷ്ടമായി.വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിയായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മാവേലി… ഒരു യുഗത്തിന്റെ വിടവാങ്ങൽ! – TOM KULAGARA

നാല് പതിറ്റാണ്ടുകൾക്കു മുമ്പ്, കലാകൈരളിയുടെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ കനകമലയിൽനിന്ന് മഞ്ഞുമലകളുടെ താഴ്‌വരയായ സ്വിറ്റ്‌സർലൻഡിലേക്ക് ജീവിതത്തിന്റെ പുതിയൊരു അധ്യായം തേടിയെത്തിയ വ്യക്തിത്വം. എന്നാൽ, കാലം അദ്ദേഹത്തെ വെറുമൊരു പ്രവാസി മാത്രമാക്കിയില്ല. സ്വിസ്സ് മലയാളികളുടെ കലാ-സാംസ്കാരിക-സാമൂഹിക ജീവിതത്തിൽ നിറസാന്നിധ്യമാക്കി, കനകപ്രഭയോടെ തിളങ്ങിയ കനകമലയുടെ സ്വന്തം സകലകലാവല്ലഭനാക്കി മാറ്റി.

മറുനാട്ടിൽ കഴിയുന്ന മലയാളിക്ക് ഓണം എന്നത് വെറുമൊരു ആഘോഷമല്ല; മണ്ണിന്റെയും മനസ്സിന്റെയും ഗൃഹാതുരസ്മരണകളിലേക്ക് തുറക്കുന്ന ഒരു വാതിലാണ്. 1984-ൽ നന്മയുടെയും നേരിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ ഓണം മലയാളി അസോസിയേഷൻ ആഘോഷിച്ചപ്പോൾ, വെറുമൊരു കാഴ്ചക്കാരനായി എത്തിയ സുമുഖനായ ആ ചെറുപ്പക്കാരനെ സംഘാടകർ അപ്രതീക്ഷിതമായി മഹാബലിയായി കിരീടമണിയിച്ചു. മറ്റൊരാൾക്ക് പകരക്കാരനായി മാവേലിയായ ആ മനുഷ്യൻ പിന്നീട് സ്വിസ്സ് മലയാളികളുടെ ഓണാഘോഷങ്ങളിൽ പകരക്കാരനില്ലാത്ത മഹാബലിയായി മാറുകയായിരുന്നു.

അന്ന് തുടങ്ങിയ ആ യാത്രയ്ക്ക് പിന്നീട് വിശ്രമമുണ്ടായില്ല. ഓണം ആരുടേതായാലും മാവേലി തൊമ്മൻ തന്നെ എന്നത് സ്വിസ്സ് മലയാളികൾക്കിടയിൽ ഒരു സ്നേഹമൊഴിയായി മാറി. കാലം മാറി, കോലം മാറി, ഓണാഘോഷങ്ങളുടെ വേദികൾ മാറി. പക്ഷേ, ആ വേദികളിൽ മഹാബലിയായി നിറഞ്ഞുനിന്ന തോമസ്സേട്ടൻ്റെ പ്രൗഢഗംഭീരമായ സാന്നിധ്യത്തിന് മാറ്റമുണ്ടായില്ല.

നാലു പതിറ്റാണ്ടിലേറെ നീണ്ട ആ കലാജീവിതത്തിൽ നൂറിലധികം തവണ മഹാബലിയായി വേഷമിട്ട്, സ്വിസ്സ് മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നമ്മുടെ സ്വന്തം ഓണത്തമ്പുരാൻ… ഇന്ന് ഓർമ്മകളുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മരണം മാത്രമല്ല. സ്വിസ്സ് മലയാളികളുടെ ഓണസ്മരണകളിൽനിന്ന് ഒരു നിറസാന്നിധ്യം മാഞ്ഞുപോകുന്നതിന്റെ വേദനയാണ്. ഓരോ ഓണക്കാലത്തും മഹാബലിയുടെ വേഷത്തിൽ ചിരിച്ചുകൊണ്ട് കടന്നുവരുന്ന ആ രൂപം ഇനി നേരിൽ കാണാനാവില്ലെന്ന യാഥാർഥ്യം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ഓണപ്പാട്ടുകളും ചെണ്ടമേളങ്ങളും ആഘോഷങ്ങളുടെ ആരവങ്ങളും ഉയരുമ്പോൾ, എവിടെയോ ആൾക്കൂട്ടത്തിനിടയിൽ വേഷഭൂഷാദികളോടെ കിരീടവുമണിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന നമ്മുടെ മാവേലിയെ കണ്ണുകൾ തിരയുക തന്നെ ചെയ്യും.

എന്നെ സംബന്ധിച്ചിടത്തോളം തോമസ് ചേട്ടൻ ഒരു കലാകാരനോ മഹാബലിയോ മാത്രമായിരുന്നില്ല. സ്വദേശത്തും വിദേശത്തും എന്റെ അയൽക്കാരൻ, ആത്മമിത്രം, അതിലുപരി ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ സ്നേഹവും കരുതലും നൽകിയ പ്രിയപ്പെട്ട മനുഷ്യനായിരുന്നു. ഒരുമിച്ചുള്ള ജീവിതയാത്രയിലെ എത്രയോ ഓർമ്മകൾ, സൗഹൃദത്തിന്റെ എത്രയോ നിമിഷങ്ങൾ, സ്നേഹത്തിന്റെ എത്രയോ അനുഭവങ്ങൾ… എല്ലാം ഇന്ന് മനസ്സിൽ വിങ്ങലായി നിറയുന്നു.

ചില മനുഷ്യർ ജീവിതത്തിൽനിന്ന് കടന്നുപോകുമ്പോഴാണ് അവരുടെ സാന്നിധ്യം എത്രത്തോളം വലുതായിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. തോമസ് ചേട്ടൻ അങ്ങനെയൊരാളായിരുന്നു. അദ്ദേഹം നടന്നുപോയ വഴികളിൽ സൗഹൃദത്തിന്റെ അടയാളങ്ങളുണ്ട്. അദ്ദേഹം പകർന്നാടിയ ഓരോ മഹാബലി വേഷത്തിലും ഓർമ്മയുടെ മുദ്രകളുണ്ട്. സ്വിസ്സ് മലയാളികളുടെ ഇനിയുള്ള ഓരോ ഓണാഘോഷത്തിലും അദ്ദേഹത്തിന്റെ പേരും മുഖവും ശബ്ദവും എന്നെന്നും ജീവിക്കും.

മഹാബലി ഐതിഹ്യത്തിൽ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ മടങ്ങിയെത്തുന്ന രാജാവാണ്. എന്നാൽ നമ്മുടെ തോമസ് ചേട്ടൻ പകർന്നാടിയ മഹാബലിയും അദ്ദേഹം സമ്മാനിച്ച ഓർമ്മകളും ഓരോ ഓണക്കാലത്തും നമ്മുടെ ഹൃദയങ്ങളിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കും.

തോമസ് ചേട്ടാ, നിങ്ങൾ പോയി… പക്ഷേ, ഞങ്ങളുടെ ഓണത്തിൽനിന്നും ഓർമ്മകളിൽനിന്നും ഒരിക്കലും മായില്ല.

ഒരു കാലഘട്ടത്തിന്റെ നിറസാന്നിധ്യമായിരുന്നു നിങ്ങൾ. ഒരു തലമുറയുടെ ഓർമ്മയായിരുന്നു നിങ്ങൾ. സ്വിസ്സ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു നിങ്ങൾ. എനിക്ക് നഷ്ടമായത് ഒരു പ്രിയപ്പെട്ട അയൽക്കാരനെയും സുഹൃത്തിനെയും ജ്യേഷ്ഠനെയുമാണ്.

ആത്മസുഹൃത്തേ, അങ്ങയുടെ വേർപാടിൽ ഹൃദയം നൊന്ത് കണ്ണീരോടെ വിടചൊല്ലുന്നു.

പ്രിയപ്പെട്ട തോമസ് ചേട്ടന് ആദരാഞ്ജലികൾ!

പ്രണാമം… പ്രണാമം… പ്രണാമം!

.

സ്വിസ്സ് മാവേലി മന്നന് കണ്ണീരോടെ വിട…! 💔 – TOMY THONDAMKUZHY -PRESIDENT BE FRIENDS

സ്വിറ്റ്‌സർലൻഡിലെ നിരവധി ഓണവേദികളിൽ മാവേലിയായി നിറഞ്ഞുനിന്ന, തന്റെ സാന്നിധ്യംകൊണ്ടും സ്നേഹപൂർവമായ ഇടപെടലുകൾകൊണ്ടും മലയാളികളുടെ മനസ്സിൽ ഇടംനേടിയ പ്രിയപ്പെട്ട തോമസ് ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം…

തോമസ് ചേട്ടന്റെ വിയോഗവാർത്ത വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നു. കേവലം ഒരു പരിചയക്കാരൻ എന്നതിലുപരി, അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. ഓരോ കൂടിക്കാഴ്ചയിലും നിറഞ്ഞുനിന്ന ആ സ്നേഹവും പുഞ്ചിരിയും സൗഹൃദവും ഇനി ഓർമ്മകളിൽ മാത്രമായി അവശേഷിക്കുമ്പോൾ മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നു.

സ്വിറ്റ്‌സർലൻഡിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ തവണ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള ഭാഗ്യം എനിക്കായിരിക്കാം ലഭിച്ചിരിക്കുക . അതെല്ലാം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വിലമതിക്കാനാവാത്ത ജീവിതനിമിഷങ്ങളായി മാറുന്നു. അന്ന് അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞിരുന്ന ആ പുഞ്ചിരിയും സന്തോഷവും ഇന്നെന്റെ മനസ്സിൽ മായാത്ത ചിത്രങ്ങളാണ്. ഒരു വ്യക്തിയെ ആദരിക്കുക എന്നതിനപ്പുറം, ഹൃദയത്തോട് ചേർന്നുനിന്ന ഒരു മനുഷ്യനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള അവസരങ്ങളായിരുന്നു അവയെല്ലാം.

ഓരോ ഓണാഘോഷവേദിയിലും മാവേലിയായി എത്തുമ്പോൾ അദ്ദേഹം പകർന്നുനൽകിയ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ആ മാവേലി രൂപം ഇനി നമ്മുടെ ഓണവേദികളിൽ ഉണ്ടാകില്ലെന്ന യാഥാർത്ഥ്യം ഏറെ വേദനാജനകമാണ്.

മാവേലി വേഷം അണിഞ്ഞ് അദ്ദേഹം നടന്നുവന്ന ഓരോ വേദിയും ഇനി അദ്ദേഹത്തിന്റെ ഓർമ്മകളാൽ നിറയും. ഓണപ്പാട്ടുകളും പൂക്കളങ്ങളും ആഘോഷങ്ങളും വീണ്ടും വരും. പക്ഷേ, ആ മാവേലി മന്നന്റെ സ്നേഹനിറഞ്ഞ സാന്നിധ്യം ഇനി നമുക്ക് നഷ്ടമാണ്.

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് കുറച്ചുനാൾ കൂടെയിരിക്കാനല്ല, മറിച്ച് ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിക്കാനാണ്. തോമസ് ചേട്ടനും അത്തരമൊരു വ്യക്തിയായിരുന്നു.

പ്രിയപ്പെട്ട തോമസ് ചേട്ടാ, അങ്ങയോടൊപ്പം പങ്കിട്ട നിമിഷങ്ങൾക്കും നൽകിയ സ്നേഹത്തിനും ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടാകും. അങ്ങയെ പൊന്നാട അണിയിച്ച് ആദരിക്കാൻ ലഭിച്ച ഓരോ അവസരവും ജീവിതത്തിലെ വലിയൊരു ഭാഗ്യമായി എന്നും കരുതും.

മാവേലി മന്നാ… അങ്ങ് ഇനി ഓർമ്മകളുടെ പൂക്കളത്തിൽ നിറഞ്ഞുനിൽക്കും.

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള അശ്രുപൂജയും ആദരാഞ്ജലികളും…

ആദരാഞ്ജലികളോടെ… പ്രിയപ്പെട്ട തോമസ് ചേട്ടന് വിട. 🙏

മാവേലി മന്നന് കണ്ണീരോടെ വിട…! –

.

ഇനി അനുഗ്രഹിക്കാൻ മാവേലി വരില്ല. സ്വിസ് മലയാളികളുടെ പ്രിയപ്പെട്ട മാവേലി തമ്പുരാൻ തോമസ് മൂക്കനാംപറമ്പിൽ കണ്ണീർ പൂവായി. -JAMES THEKKEMURIYIL

മഹത്തരങ്ങളായ കൃതികളുടെ അടിസ്ഥാനത്തിലോ, ചെയ്തു തീർത്ത മഹാകാവ്യങ്ങളുടെ അടിസ്ഥാനത്തിലോമാത്രം ആളുകൾ മരണശേഷം സ്മരിക്കപ്പെടുന്ന കാലഘട്ടത്തിലാണു നാം ഇന്ന് ജീവിക്കുന്നത്‌. ലോകമറിയുന്ന വൻനേട്ടങ്ങൾ ഒന്നും ഇല്ലെങ്കിലും ആകർഷകമായ പെരുമാറ്റത്തിലൂടെയും ,ആതിഥേയ മര്യാദകളിലൂടെയും സുഹൃത്തുക്കളുടെ മനസ്സിൽ പതിഞ്ഞ ഒരു മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്ന് നമ്മെ വിട്ടു പിരിഞ്ഞ മുക്കനാംപറമ്പിൽ തോമസ്.

എന്നും നിറ പുഞ്ചിരിയോടെ എവരെയും സ്വീകരിക്കുന്ന ഉദാത്തമായ വ്യക്തിത്വത്തിന്റെ ഉടമ. ആരോടും ദേഷ്യമോ, പരിഭവമോ ഇല്ല. തോമസിനെ സ്വിസ് മലയാളികൾക്ക് പ്രിയങ്കരനാക്കി മാറ്റിയതിനു പിന്നിലുള്ളത് ഈ സവിശേഷതകൾ തന്നെയാണ്. നല്ല സുഹൃത്തായി , സഹോദരനായി നമ്മോടൊപ്പം ജീവിച്ച്‌ സ്വർഗ്ഗയാത്ര ആരംഭിച്ച പ്രിയപ്പെട്ട തോമസ് മൂക്കനാംപറമ്പിലിൻ്റെ മറക്കാത്ത ഓർമ്മകൾക്ക് മുൻപിൽ പ്രണാമ മർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അവരോടൊപ്പം പങ്കുചേരുന്നു

തോമസ് മൂക്കനാം പറമ്പിൽ നമ്മളിൽ നിന്ന് വിട പറഞ്ഞു. ഇനി ആ ധന്യ നിമിഷം ഇല്ല. -SUNNY MANKUDIYIL

പെട്ടെന്നുള്ള വേർപാട് മനസിൽ ഒരു വേദനയായി . കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളായി Swiss മലയാളികളുടെ ഓണത്തപ്പൻ , മാവേലി വേഷത്തിൽ ഗംഭീരൻ , അതുപോലെ നല്ലൊരു കലാകാരനും സുഹൃത്തും, സൗമ്യനുമായിരുന്നു. വാർദ്ധ്യക്യത്തിൻ്റെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെയെങ്കിലും ഇന്ന് പെട്ടെന്ന് ശ്വാസം മുട്ട് അനുഭവപെടുകയും താമസിയാതെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അറിഞ്ഞത്. ഇങ്ങനെ പെട്ടന്ന് ഒരു വേർപാട് ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ലാ. എന്നെ എപ്പോൾ കണ്ടാലും മാഷേയെന്നും , സണ്ണി ഭായിയെന്നും വിളിച്ച് മാത്രമാണ് സംസാരിക്കുക. രണ്ട് മൂന്ന് മാസം മുമ്പ് ഞാൻ തോമസ് ചേട്ടനെ വീട്ടിൽ പോയി കണ്ടിരുന്നു. കുറേ നേരം പഴയ പഴയ കാര്യങ്ങൾ സംസാരിച്ചു. സന്തോഷവനായിരുന്നു. Dec. 4 ന് എൻ്റെയും Dec.5 ന് തോമസ് ചേട്ടൻ്റെയും ബർത്തഡേ കളാണ്. വർഷങ്ങളായി പിറന്നാൾ ആശംസകൾ ഞങ്ങൾ തമ്മിൽ നേർന്നിരുന്നു. പക്ഷെ അടുത്ത പിറന്നാളിന് ദിവസങ്ങൾ ബാക്കി നിൽക്കേ കക്ഷി നമ്മളെ വിട്ടുപോയി. തോമസ് ചേട്ടൻ്റെ ചേച്ചിക്കും മക്കൾക്കും കൊച്ചുമക്കൾക്കും അനുശോചനം അറിയിക്കുന്നു. തോമസ് ചേട്ടൻ്റെ ആത്മാവ് തീർച്ചയായും ദൈവത്തോട് കൂടെ തന്നെയാണ്. പ്രാർത്ഥനയോടെ.

.

ഭാരതീയ കലാലയത്തിന്റെ കുടുംബാംഗം പ്രിയപ്പെട്ട തോമസുചേട്ടന്റെ വേർപാട്-VINCENT PARAYANILAM

സ്വിസ്സ് മലയാളിക്ക് മാവേലി ആയിരുന്നെങ്കിൽ നമ്മുടെ കലോത്സവങ്ങളുടെ സമയത്ത് വളരെയേറെ ആക്റ്റീവ് ആയ ഒരു അംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. ആ പുരാരണകഥകളിലെ മാവേലി സ്വിസ്സ് മലയാളിയുടെ ജീവിതത്തിലെ ഒരു യെഥാർത്ഥ പോന്നോണ്ണതമ്പുരാൻ ആയിരുന്നു. ആ മുഖത്തെ ഐശ്യര്യം കഥയിലെ മാവേലിക്ക് ഉണ്ടായിരുന്നുവോ ആവോ…. മാവേലിതമ്പുരാന് കണ്ണീരോടെ…..വിട…

.

ഒത്തിരി സങ്കടത്തോടെ പ്രിയ സ്നേഹിതനു വിട…SAJU PULPARAMBIL

1985ൽ മലയാളി അസോസിയേഷൻ സ്വിറ്റ്സർലൻഡ് ന്റെ സോഫിംഗനിൽ വച്ചു നടത്തിയ ഓണത്തിനു മാവേലി വേഷം അണിയാൻ പറ്റുമോ എന്ന് അന്നത്തെ ഭാരവാഹികൾ (കുഞ്ഞച്ചൻ വള്ളോംതയിൽ പ്രസിഡന്റ്, ജോർജ് മഞ്ഞലി സെക്രട്ടറി, സാജു പുൽപറമ്പിൽ treasurer, പാപ്പച്ചൻ വെട്ടിക്കൽ, ജോസ് എടാട്ടിൽ, ജോർജ് ഓടത്തേക്കൽ, ലുയിസ് ഇരുപതിൽ ) ചോദിച്ചു… ബേബി കാക്കശ്ശേരി അണിയിച്ചൊരുക്കി…. പിന്നീട് അത് തുടർന്നു…. ഈ കാര്യം പലപ്പോഴും സംസാരിക്കാറുണ്ട്… ഒത്തിരി സങ്കടത്തോടെ പ്രിയ സ്നേഹിതനു വിട….

തോമസ് ചേട്ടന് സ്നേഹാദരങ്ങളോടെ പ്രണാമം.SAJI KUREEKKATTIL

ഞാനും ജോണി അറക്കലും ചേർന്ന് തോമസ് ചേട്ടനെക്കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി വീഡിയോയാണിത്.-

തോമസ് ചേട്ടൻ എന്നും നമ്മുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിലനിൽക്കും. അദ്ദേഹത്തിന്റെ സ്നേഹവും സൗഹൃദവും നല്ല ഓർമ്മകളും എന്നും നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും.

തോമസ് ചേട്ടന് സ്നേഹാദരങ്ങളോടെ പ്രണാമം.-

.

സ്വിറ്റ്സർലൻഡ് മലയാളികളുടെ പ്രിയങ്കരനായിരുന്ന തോമസുചേട്ടൻ വിടപറഞ്ഞിരിക്കുന്നു. FR.VARGHESE NADACKAL

വിജ്ഞാനവും, വിനോദവും, വിശ്വാസവും, വിനയവും ഒരുപോലെ സമഞ്ജയിപ്പിച്ച ഒരു ജീവിതമായിരുന്നു തോമസുചേട്ടന്റേത്. “എടാ തോമസേ നീ നിന്റെ മനസാക്ഷി പറയുംപോലെ ജീവിക്ക്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും” അമ്മയുടെ ഈ ഉപദേശം അവസാനംവരെ ശിരസ്സാ വഹിച്ചിരുന്ന ഒരു സാധു ആയ പുണ്യാത്മാവ്‌! ഞങ്ങൾ ഒത്തിരിം അടുപ്പത്തിലായിരുന്നു. ഞങ്ങൾ കൂടിയാൽ അവിടെ ഒരു “positive wibe” ആയിരുന്നു…..
തോമസ് ചേട്ടാ വിട! കുടുംബത്തിന് പ്രാർത്ഥനാനിര്ഭരമായ അനുശോചനം! RIP
നടയ്ക്കലച്ചൻ.

.

ഹൃദയത്തിൽ തൊട്ട ആദരാഞ്ജലികൾ 🌹JIMMY KORATTIKKATTUTHARAYIL- CHAIRMAN WMC

സ്വിറ്റ്സർലൻഡിലെ പ്രവാസി മണ്ണിൽ മലയാളത്തിന്റെ നന്മയായി ജീവിച്ച പ്രിയപ്പെട്ട തോമസ് ചേട്ടന്റെ വേർപാട് ഹൃദയത്തിൽ വലിയൊരു വേദനയായി അവശേഷിക്കുന്നു.എത്രയോ വർഷങ്ങളായി ഓണനാളുകളിൽ മാവേലിയായി വേഷമിട്ട്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സന്തോഷം പകർന്ന ആ പുഞ്ചിരിക്കുന്ന മുഖം, ഞങ്ങൾ ഒരുമിച്ച് പലപലവേദികളിൽ സ്കിറ്റുകൾ അഭിനയിച്ച നിമിഷങ്ങൾ ,ആ സ്നേഹമുള്ള മനസ്സ് – അതൊരിക്കലും മറക്കാൻ കഴിയില്ല.

പ്രവാസിയായിരുന്നിട്ടും നാടിനെയും നാട്ടുകാരെയും സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുപിടിച്ച നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും.പ്രിയ തോമസ് ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.കണ്ണീർ പ്രണാമം

.

Switzerland will forever miss our beloved and everlasting Maveli. ❤️Gigi Kattrukudiyil.


He was more than just our Maveli; he was the heart and pride of our Onam celebrations. With immense passion and pride, he graced more than 75 stages, bringing joy, laughter, and the true spirit of Onam to our Malayalee community.
His presence, his smile, and his unforgettable Maveli performances will remain in our hearts forever.

.

Dear friends, if anyone would like to share their memories of Thomas Chettan for publication here, please let us know..

..

https://www.facebook.com/tomy.thondamkuzhy/posts/pfbid0AFDKbPhHFXxEFB5T7UEyb4V4EWhR4G6DVYZ4gtjKkQgeqCRGQWga4nhxfLmXzgX9l