ആലപ്പുഴ: റേഷന്‍ അരിക്കടത്തില്‍ കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. അരി കടത്തിയത് കരിഞ്ചന്തയിലേക്കെന്നാണ് വിവരം. കാലടിയിലുള്ള സ്ഥാപനത്തിലേക്ക് കടത്താനായിരുന്നു ശ്രമം. കേസില്‍ രണ്ട് പേര് അറസ്റ്റിലായി. എഫ്സിഐ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തില്ല. അരി എവിടെ നിന്ന് കടത്തിയെന്ന് രേഖപ്പെടുത്താതെയാണ് എഫ്ഐആര്‍. എഫ്സിഐ ഉദ്യോഗസ്ഥരുടെ പങ്ക് പൊലീസ് മറച്ചുവെച്ചു. മുഴുവന്‍ അരിയും എഫ്സിഐ ഉദ്യോഗസ്ഥര്‍ തന്നതെന്ന് പ്രതികള്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കടത്തിയതില്‍ ഗോതമ്പും ഉള്‍പ്പെടുന്നു. 30 ചാക്ക് ഗോതമ്പും പിടിച്ചെടുത്തു.
അതേസമയം, കേസില്‍ ഭക്ഷ്യമന്ത്രി റിപ്പോര്‍ട്ട് തേടി. അന്വേഷിച്ച അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഗോഡൗണുകളില്‍ നിന്നുള്ള അരിവിതരണം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചു.
റേഷന്‍ കടകളിലേക്കുള്ള അരിയാണ് രാത്രിയുടെ മറവില്‍ കടത്തിയത്. എഫ്സിഐ ഗോഡൗണിലെ അരി ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചു. മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. എഫ്സിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് പിടികൂടിയത്. സെയില്‍സ് മാനേജര്‍, സ്റ്റോര്‍ കീപ്പര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാഹനത്തിന്റെ ഉടമയും കസ്റ്റഡിയിലുണ്ട്. വിശദമായ പരിശോന നാളെ നടക്കും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. കാലപ്പഴക്കം ചെന്ന അരി കോഴിത്തീറ്റ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് നല്‍കുമെന്നും അങ്ങനെയുള്ള അഞ്ച് ചാക്ക് അരിയാണ് കൈമാറ്റം ചെയ്തത് എന്നുമാണ് എഫ്സിഐയുടെ വിശദീകരണം. എന്നാല്‍ 250ലധികം ചാക്ക് അരി കടത്തി എന്നാണ് വിവരം. പിടിച്ചെടുത്ത അരി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലാണുള്ളത്. റേഷന്‍ കടകളില്‍ സാധാരണക്കാര്‍ക്ക് കിട്ടേണ്ട അരിയാണ് ലോറിക്കകത്ത് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്.
