Kerala

‘അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം’

അനിൽ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. അദ്ദേഹത്തിന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പ്രാഥമിക നിഗമനം. ഹൃദയദമനികൾ പൊട്ടിയതാണ് രക്തസ്രാവത്തിന് കാരണമെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ഭാര്യ മായയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ടാണ് സംസ്കാരം.

Kerala

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചലച്ചിത്ര ലോകത്ത് അപ്രതീക്ഷിത ഞെട്ടലുണ്ടാക്കിയാണ് അനില്‍ പനച്ചൂരാന്‍റെ മടക്കം. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി എട്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 51 വയസായിരുന്നു. […]