ആലപ്പുഴ: കേരളത്തിലെ ഊർജ പ്രതിസന്ധി ചർച്ച ചെയ്ത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. പീക്ക് സീസണുകളിൽ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സംസ്ഥാന പദ്ധതികൾ വേണമെന്ന് ചെയർമാൻ കെ സി വേണുഗോപാൽ. 350 മെഗാവാട്ട് വൈദ്യുതി ഉദ്പാതിപ്പിക്കാൻ ശേഷിയുള്ളതാണ് കായംകുളം എൻടിപിസി. എന്നാൽ ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല. പ്രതിവർഷം കേരളം 100 കോടി രൂപയാണ് എൻടിപിസിക്ക് പ്രവർത്തനത്തിനായി കൊടുക്കുന്നതെന്നും ഉപകാരമില്ലെങ്കിൽ എൻടിപിസിക്ക് സർക്കാർ നൽകിയ സ്ഥലം തിരിച്ചെടുക്കുമെന്നും കെ സി വേണുഗോപാൽ.
അതിനിടെ വൈദ്യുതി ബോർഡിന്റെ എതിർപ്പ് മറികടന്ന് GNA എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിൽ തന്നെ ഭിന്ന നിലപാടുളള വൈദ്യുതി വാങ്ങൽ കരാറിലാണ് അഴിമതി ആരോപണവുമായി പ്രതിപക്ഷം മുന്നോട്ട് വരുന്നത്. കൃതൃമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് ഉയർന്ന വിലയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാനുളള മുഖ്യമന്ത്രിയുടെ തീരുമാനം സംശയകരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ നേർക്കാണ് ആക്ഷേപം ഉന്നയിക്കുന്നത്.
ജിഎൻഎയിൽ നിന്നും എൽഡിഎഫ് സർക്കാരും വൈദ്യുതി വാങ്ങി എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും പ്രതിപക്ഷം മറുപടി നൽകി. എന്നാൽ സെബിയുടെ അന്വേഷണം നേരിടുന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണിത്ര താൽപര്യമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന വൈദ്യുതി ഇടപാടിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുണ്ട്.
