കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോമിന് ജെ തച്ചങ്കരിയുടെ ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാള്‍ എങ്ങനെ ജോലിക്ക് പോകുമെന്നും കോടതി ചോദിക്കുന്നു.
അനധികൃത സ്വത്ത് സമ്പാധന കേസില്‍ ജയിലില്‍ കിടന്ന കാലയളവില്‍ ടോമിന് ജെ തച്ചങ്കരി എത്ര ദിവസം ആശുപത്രിയിലായിരുന്നു എന്നതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഷാര്‍ജയില്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് മാനേജരാണെന്നും ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. യുഎഇയിലേയ്ക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി വേണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. എന്നാല്‍, ജയിലില്‍ കിടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന ആള് വിദേശത്ത് ജോലിക്ക് പോയിട്ട് എന്ത് ചെയ്യാന്‍ എന്ന ചോദ്യമാണ് കഴിഞ്ഞതവണ ഹൈക്കോടതി ചോദിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. അനധികൃത സ്വത്ത് സാമ്പധന കേസില്‍ നാലു വര്‍ഷത്തേക്ക് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നു.
