headlines Kerala News

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

തിരുവനന്തപുരം: സിഐടിയു സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി. കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും. വി ശിവന്‍കുട്ടിയെ സംസ്ഥാന ട്രഷററായും തിരഞ്ഞെടുക്കും.ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റായി തുടരും. സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗത്തിലാണ് ധാരണ. ഇന്ന് മുതല്‍ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം നടപ്പിലാകും

സിഐടിയു 16 -ാം സംസ്ഥാന സമ്മേളനത്തിനാണ് ഇന്ന് കോട്ടയത്ത് തുടക്കമാകുന്നത്. വൈകിട്ട് അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയര്‍മാന്‍ ടി ആര്‍ രഘുനാഥന്‍ പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ 10ന് മാമ്മന്‍ മാപ്പിള ഹാള്‍ളില്‍ പ്രതിനിധി സമ്മേളനം നടക്കും. ദേശീയ വൈസ് പ്രസിഡന്റ് തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ പ്രതിനിധി സമ്മേളനത്തിന്റെ പതാക ഉയര്‍ത്തും. ആര്‍ ചന്ദ്രശേഖരന്‍ കെ പി രാജേന്ദ്രന്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തും.

ഒന്‍പതാം തീയതി നടക്കുന്ന റാലിയില്‍ ഒരുലക്ഷം തൊഴിലാളികള്‍ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 1149 യൂണിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.