തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി LPST ഉദ്യോഗാർഥികൾ. മുഖ്യമന്ത്രി ഒരേ കാര്യം തന്നെ മാറ്റമില്ലാതെ പറയുന്നു. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കാൻ പറ്റില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് എങ്ങനെയാണ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുക എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുന്നത്. 122 ദിവസമായി ദരിദ്രരായ ഉദ്യോഗാർഥികൾ സമരം ചെയ്യുന്നു. തല മുണ്ഡനം വരെ ചെയ്യേണ്ടി വന്നു. ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം. കുട്ടികളുടെ കുറവ് മൂലം എണ്ണൂറോളം അധ്യാപകർ പുറത്തു പോയി എന്നാണ് നിയമസഭയിൽ കൊടുത്ത ഡാറ്റ.
സർക്കാർ 45 ദിവസം സമയം ചോദിച്ചു വിഷയം പഠിക്കാൻ. ആരാണ് പഠിച്ചത്?. ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്?. പഠിച്ചു എന്നു പറയുന്നതിന്റെ രേഖ സർക്കാർ പുറത്തുവിടണം. അധ്യാപക വിദ്യാർത്ഥി അനുപാതം കുറച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ വിവരങ്ങൾ പുറത്തുവിടണം.
ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്തപ്പോൾ എനിക്ക് കണ്ണീര് വന്നു എന്ന് പറഞ്ഞ സർക്കാർ ആണ് എനിക്കെതിരെ മൂന്ന് കേസെടുത്തത് എന്ന് വളർമതി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ല. സമരം തുടരും. ഞങ്ങൾ മരിച്ചാലും സാമ്പത്തിക ബാധ്യത എന്ന് മുഖ്യമന്ത്രി പറയും. നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ ഇനി പറയരുതെന്ന് വളർമതി വിമർശിച്ചു.
