Entertainment

ഇത് സൗബിന്റെ പ്രിയ ഒര്‍ഹാന്‍; സന്തോഷം പങ്കിട്ട് ചലച്ചിത്ര താരങ്ങള്‍

ഏറെ സന്തോഷത്തോടെയാണ് നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ച വാർത്ത ആരാധകർ കേട്ടത്. ഒര്‍ഹാന്‍ എന്ന് പേരിട്ട കുഞ്ഞിന്റെ പുതിയ ഫോട്ടോകള്‍ സൗബിന്‍ ഷാഹിര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇന്നലെ പുറത്തുവിട്ടു. ഒരു മാസം പ്രായമായ കുഞ്ഞു മകൻ ഒർഹാന്‍ മാതാവ് ജാമിയക്കും സൗബിനും കൂടെയുള്ള ചിത്രങ്ങള്‍ക്ക് താഴെ സന്തോഷങ്ങളുമായി ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളി, ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്നിവയാണ് സൗബിന്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ.