ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു.
തെക്കൻ കേരളത്തിൽ അടുത്ത 2-3 ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ദുർബലമായതോടെ വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളിൽ കുറഞ്ഞ താപനില 20° സെൽഷ്യസിൽ താഴെ. വടക്കൻ ജില്ലകളിൽ 20 നും 23°c ഇടയിൽ താപനില രേഖപ്പെടുത്തി.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.