India Kerala

തിരുവനന്തപുരം തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം എം ജി റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ചെല്ലം അംബ്രല്ലാ മാര്‍ട്ടില്‍ രാവിലെ തീപിടിത്തമുണ്ടായി. തൊഴിലാളികള്‍ ജോലിക്ക് എത്തും മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മറ്റ് കടകളിലേക്ക് തീ പടരാതിരുന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു.

20 ലധികം ജീവനക്കാരാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി തങ്ങള്‍ ജോലി ചെയ്ത സ്ഥാപനം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ജീവനക്കാര്‍.

തുണിക്കടകളും ലെതര്‍ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും ഗോഡൌണുകളും ഉള്ള പ്രദേശത്താണ് തീപിടുത്തമുണ്ടായത്. തീ മറ്റു കടകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി മറ്റൊന്നാകുമായിരുന്നു. രാവിലെയാണ് തീപിടുത്തമുണ്ടായത് പെട്ടെന്നുതന്നെ ശ്രദ്ധയില്‍പ്പെട്ടതും അപകടത്തിന്‍റെ തീവ്രത കുറക്കാന്‍ സഹായിച്ചു.

നഗരകേന്ദ്രത്തിലുണ്ടായ തീപിടുത്തം നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. തീ അണക്കുന്നത് കാണാന്‍ ഓവര്‍ബ്രിഡ്ജിന് മുകളില്‍ വരെ ആളുകള്‍ തിങ്ങി നിന്നിരുന്നു.