Kerala

മൂന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം; പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും

തൃശ്ശൂരിൽ വീട്ടിൽ കയറി മൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി സബീഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. തൃശ്ശൂരിൽ വീട്ടിൽ കയറി മൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ച പ്രതിക്ക് 13 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ.

2020 ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വാടക വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കുട്ടിയോട് ലൈംഗീക അതിക്രമം കാട്ടിയത്. അയൽവാസിയായ സ്ത്രീയാണ് സംഭവത്തെ കുറിച്ച് ആദ്യം അറിയുന്നത്. തുടർന്ന് വീട്ടുകാരെ വിവരമറിച്ചു. ഇതോടെ മാതാപിതാക്കൾ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി.

സംഭവത്തിൽ അന്വേഷണം നടത്തിയ ഇൻസ്പെക്ടർ കെ.കെ ഭൂപേഷ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ എം.ബി ലത്തീഫ് തുടരനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 16 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മധുവും, ആന്റോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പ്രവർത്തിച്ചിരുന്നു.