നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ താന്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള പോസ്റ്ററിനെതിരെ കവി പ്രഭാ വര്‍മ. താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് പ്രഭാ വര്‍മ താന്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയത്. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്ന് പ്രഭാവര്‍മ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ പ്രഭാ വര്‍മയുടെ പേരും ചിത്രവും ഉള്‍പ്പെട്ടിരുന്നു.
രാഷ്ട്രീയ, സാംസ്കാരിക, സിനിമാ, കലാ, സാഹിത്യ മേഖലയിലുള്ള പ്രമുഖര്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്, നമ്പി നാരായണന്, ശ്രീകുമാരന്‍ തമ്പി, സന്ദീപ് വാര്യര്‍, അനുശ്രീ, കെ പി ശശികല, കുമ്മനം രാജശേഖരന്, സന്ദീപ് വാര്യര്‍ മുതലായവര്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സംഘപരിവാറുമായി നിരന്തരം കലഹിക്കുന്ന പ്രഭാ വര്‍മ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി പ്രഭാ വര്‍മ രംഗത്തെത്തിയത്.