തമിഴ് നടന് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ലെന്ന് പറഞ്ഞ നടന് സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. സിദ്ദിഖിന്റെ ഫേസ് ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ രോഷപ്രകടനവുമായി എത്തിയത്. സിദ്ദിഖ് അഭിനയിക്കുന്ന ഒരു സിനിമയും ഇനി കാണില്ല എന്ന തരത്തിലാണ് ആരാധകര്‍ കമന്റ് ചെയ്തത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ പൊങ്കാലയിട്ടത്. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല.’ എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് പറഞ്ഞത്.
ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. താരമൂല്യമാണ് വിജയ്യെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നതെന്നും, എന്നാല്‍ കമല്‍ ഹാസന് നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. അവര്‍ നമ്മെ മധുരരാജയും ലൂസിഫറും പോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. എല്ലാ സിനിമാ മേഖലകളും നിലനില്‍ക്കുന്നത് സൂപ്പര്‍സ്റ്റാറുകള്‍ മൂലമാണ്.
ഞങ്ങളെ പോലുള്ള സഹതാരങ്ങള്‍ അവരുള്ളതുകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി കുറിച്ചു.






