കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തിൽ അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യം? എം എ ബേബി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാരിനോ പൊലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്നത്തിൻറെ കാതലിനെ നേരിടാനാവൂ.
പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്. വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു…എം എ ബേബി പറഞ്ഞു.