ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ഫ്രഞ്ച് ബാറ്റർ ഗുസ്താവ് മക്കിയോൺ. 2024 ടി-20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ടൂർണമെൻ്റിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു ഗുസ്താവിൻ്റെ റെക്കോർഡ് പ്രകടനം. 18 വയസും 280 ദിവസവും പ്രായമുള്ള ഗുസ്താവ് അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്റതുള്ള സസായുടെ റെക്കോർഡാണ് തകർത്തത്.
61 പന്തുകളിൽ നിന്ന് 109 റൺസ് ആണ് ഗുസ്താവ് നേടിയത്. 2019ൽ അയർലൻഡിനെതിരെ 62 പന്തുകളിൽ നിന്ന് പുറത്താവാതെ 162 റൺസെടുക്കുമ്പോൾ 20 വയസും 337 ദിവസമായിരുന്നു ഹസ്റതുള്ള സസായുടെ പ്രായം.
അതേസമയം, ഗുസ്താവ് തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും ഫ്രാൻസ് മത്സരത്തിൽ പരാജയപ്പെട്ടു. ഫ്രാൻസ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ സ്വിറ്റ്സർലൻഡ് മറികടന്നു.