Kerala

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിൽ; പി ജയരാജന്‍

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളിൽ ഇന്നലെ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമെന്ന് പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം സംഘർഷവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു. വിമാനത്തിൽ സുരക്ഷാ ഭടന്‍റെ കയ്യിൽ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയത്. സുധാകരൻ ആകാശത്ത് ഭീകരപ്രവർത്തനം നടത്താനാണ് ശ്രമിച്ചതെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.