കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നത് ഉൾപ്പെടെ നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്റണി രാജു ശമ്പളം നൽകാനുള്ള പണം മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ച്ചയിലും ആവർത്തിച്ചു. ശമ്പള പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് ഭരണാനുകൂല സംഘടനകളായ സിഐടിയുവിന്റേയും എഐടിയുസിയുടെയും നിലപാട്.
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പ്രവർത്തകർ നാളെ ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഐഎന്‍ടിയുസി ശമ്പളം നൽകാനാവാത്തത് സർക്കാരിന്റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി.