സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു.
രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്.
രണ്ടു കോടി രൂപയ്ക്ക് എംഎഫ് ഹുസൈന്റെ ചിത്രം വാങ്ങാൻ പ്രിയങ്ക ഗാന്ധി നിർബന്ധിച്ചെന്നും പത്മഭൂഷൺ വാഗ്ദാനം നൽകിയെന്നും റാണ കപൂർ മൊഴി നൽകിയിരുന്നു. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺഗ്രസ് നേതാവായ മുരളി ദേവ്റ തന്നെ സമീപിപ്പിരുന്നെന്നും ഇദ്ദേഹം വഴിയാണ് പത്മഭൂഷൺ വാഗ്ദാനം നൽകിയതെന്നും റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കും മുരളി ദേവ്റക്കുമെതിരെ ഗൗരവകരമായ മൊഴികളുള്ളത്.
രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്. പെയിന്റിംഗ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തുന്നു.
സോണിയയുടെ ചികിത്സക്ക് സഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് വെളിപ്പെടുത്തി. ചിത്രം വാങ്ങാൻ മിലിന്ദ് ദേവ്റയാണ് തന്നെ പ്രേരിപ്പിച്ചതെന്നും കപൂർ പറയുന്നു.