സിൽവർ ലൈൻ പദ്ധതിക്കെതിരെ പത്തനംതിട്ട ആറൻമുളയിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രളയം മുക്കിയ പ്രദേശത്ത് കല്ലിടാൻ വന്നാൽ തടയുമെന്നും ആരിൽ നിന്ന് ഒരറിയിപ്പും ഇതുവരെ വന്നിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
‘എന്റെ വീട് പോകുമെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ വീട് എനിക്ക് തന്നാൽ ഞാൻ എന്റെ വീട് കൊടുക്കാം’- ഒരു പ്രദേശവാസി പറഞ്ഞു.
പ്രദേശത്ത് നിന്ന് 16 വീടുകൾ ഇരിക്കുന്ന സ്ഥലം വിട്ടുനിൽകേണ്ടി വരുമെന്നാണ് പ്രദേശവാസികൾ ഭയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും നാട്ടുകാർക്ക് സർക്കാരിൽ നിന്നോ അധികൃതരിൽ നിന്നോ ലഭിച്ചിട്ടില്ല.
‘കല്ലിടാൻ വരുന്നതിൽ ആശങ്കയുണ്ട്. ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. അത് നഷ്ടപ്പെടേണ്ടി വന്നാൽ ഇവിടെ തന്നെ കിടന്ന് ചാവും’- മറ്റൊരു പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.
പത്തനംതിട്ട കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നാണ് മാർച്ച് 30ന് ആറൻമുള, ആറാട്ടുപുഴ പ്രദേശങ്ങളിൽ സിൽവർലൈൻ കല്ലിടൽ നടക്കുമെന്ന് തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ആർക്കും ലഭിച്ചിട്ടില്ല.