India

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും

3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ ഇന്ന് രാജ്യസഭയിലും കേന്ദ്രസർക്കാർ അവതരിപ്പിയ്ക്കും. ബിജെപിയും കോൺഗ്രസ്സും അംഗങ്ങൾക്ക് ഇന്ന് സഭയിൽ ഹജരാകണമെന്ന് ഇതിനകം വിപ്പ് നൽകിയിട്ടുണ്ട്. (Farm Laws Repeal Parliament)

ശൈത്യകാല സമ്മേളനത്തിനത്തിന്റെ ആദ്യ ദിനം ഇരുസഭകളും രാവിലെ പതിനൊന്ന് മണിയ്ക്കാണ് സമ്മേളിയ്ക്കുക. ലോക്സഭയുടെ മേശപ്പുറത്തുള്ള 3 കാർഷിക നിയമങ്ങൾ പിൻ വലിയ്ക്കാനുള്ള റീപ്പിൽ ബിൽ ആദ്യം പരിഗണിയ്ക്കും. ക്യഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിയ്ക്കുന്ന ബില്ല് തുടർന്ന് സഭ ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിയ്ക്കുന്നതിനൊപ്പം കർഷകരുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിയ്ക്കണമെന്ന് പ്രതിപക്ഷം സഭയിൽ നിർദ്ദേശിയ്ക്കും.

അതേസമയം മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനം ആകും സർക്കാർ സഭയിൽ നടത്തുക. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും അന്തരിച്ച മുൻ അംഗങ്ങൾക്ക് അനുശോചനം അർപ്പിച്ചതിനും ശേഷം ചോദ്യോത്തര വേളയും പൂർത്തിയാക്കിയതിന് ശേഷം ആണ് ബില്ലവതരണം. ഇന്ന് തന്നെ ലോകസഭയിൽ ബില്ല് പാസാക്കാനും നാളെ രാജ്യസഭയിൽ ബില്ല് അവതരിപ്പിയ്ക്കാനും അണ് സർക്കാർ ശ്രമം.

ഡാം സേഫ്റ്റി ബില്ലാണ് രാജ്യസഭയുടെ ഇന്നത്തെ നിയമ നിർമ്മാണ അജണ്ട. രാജ്യത്തെ എല്ലാ അണക്കെട്ടുകളിലും നിരിക്ഷണവും പരിശോധനയും കേന്ദ്രസർക്കാർ എജൻസികൾക്ക് ഉറപ്പാക്കാൻ നിർദ്ദേശിയ്ക്കുന്നതാണ് ബില്ല്. ഡാം സേഫ്റ്റി ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

26 ബില്ലുകൾ ആണ് ഡിസംബർ 23 വരെ നീളുന്ന സമ്മേളനത്തിൽ പാർലമെന്റ് പരിഗണിയ്ക്കുക. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നിർദ്ദേശിയ്ക്കുന്ന ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനു വേദിയാകും. സഭാ നടപടികൾ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാൻ ഇന്നലെ നടന്ന സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാർ പ്രതിപക്ഷ സഹകരണം തേടിയിരുന്നു. എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന നിലപാടാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ സ്വീകരിച്ചത്.