ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കെതിരായ കോഴക്കേസുകൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്.
കേസിൽ പൂജ ദദ്ലാനിയുടെ മൊഴി നിർണായകമാണെന്ന് പൊലീസ് അറിയിച്ചു. എൻസിബിയുടെ സൗത്ത് മുംബൈ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ആരോഗ്യ കാരണങ്ങളാൽ പൂജ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
അതേസമയം എൻ.സി.ബിയുടെ വിജിലൻസ് സംഘം സമീർ വാംഖ്ഡെക്കെതിരേ കോഴ ആരോപണമുന്നയിച്ച സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴി രേഖപ്പെടുത്തി. എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.