ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി.
വേട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേര് ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 ന് അകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുകയാണെന്നും വോട്ടേഴ്സ് ലിസ്റ്റിൽ ഒരെ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേർത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
കഴക്കൂട്ടം മണ്ഡലത്തിൽ ഇതേപോലെ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ 2534 കള്ളവോട്ടർമാരുണ്ട്. തൃക്കരിപ്പൂരിൽ 1436 പേർ, കൊയിലാണ്ടിയിൽ 4611 പേർ, നാദാപുരത്ത് 6171 പേർ, കൂത്തുപറമ്പിൽ 3525 പേർ, അമ്പലപ്പുഴയിൽ 4750 ആളുകൾ എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടർമാരുടെ എണ്ണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഓഫിസറുടെ നടപടി.