ആഗ്ര: ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ അടച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുപി പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് മുൻകരുതൽ എന്ന രീതിയിൽ ചരിത്ര സ്മാരകം അടച്ചത്.
ഫോൺ സന്ദേശം ലഭിക്കുന്ന വേളയിൽ താജിനുള്ളിൽ ആയിരത്തോളം സന്ദർശകരുണ്ടായിരുന്നു. ആളുകളെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഇപ്പോൾ തുറന്നു നൽകിയിട്ടുണ്ട്.