ബ്രിസ്ബണ്‍: ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിന് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമില്ല. സിഡ്നിയിലെ മൂന്നാം ടെസ്റ്റിലേറ്റ പരിക്കാണ് താരത്തിന് വിനയായത്. ചെറിയ പരിക്കാണ് എങ്കിലും ഇംഗ്ലണ്ടിന് എതിരെയുള്ള പരമ്പര മുന്നില്‍ക്കണ്ട് താരത്തെ ബിസിസിഐ മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
സിഡ്നിയില്‍ ഫീല്‍ഡിങ്ങിനിടെ വയറിനാണ് ബുംറയ്ക്ക് പരിക്കേറ്റത്. മുഹമ്മദ് ഷമിയുടെയും ഇഷാന്ത് ശര്‍മ്മയുടെയും അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയെ ഓസീസില്‍ നയിച്ചത് ബുംറയായിരുന്നു.
ജനുവരി 15ന് ആരംഭിക്കുന്ന അടുത്ത ടെസ്റ്റില്‍ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ശ്രാദുല്‍ ഠാക്കൂര്‍, ടി നടരാജന് എന്നിവരാകും പേസ് ഡിപ്പാര്‍ട്മെന്റില്‍ ഉണ്ടാകുക.
പരിക്കു മൂലം നാലാം ടെസ്റ്റില്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സേവനവുമുണ്ടാകില്ല. മൂന്നാം ടെസ്റ്റില്‍ ഓസീസ് ബൗളര്‍മാരെ വീരോചിതം ചെറുത്തു നിന്ന ഹനുമ വിഹാരിയും രവിചന്ദ്ര അശ്വിനും പരിക്കിന്റെ പിടിയിലാണ്. നേരത്തെ, കെഎല്‍ രാഹുല്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരുന്നു.