ബംഗാളി നടി ആര്യ ബാനര്‍ജിയെ(33) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്ത് കയറി നോക്കിയപ്പോള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആര്യയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്റെ പാടുകള്‍ ഉണ്ടെന്നും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന ആര്യ ആരോടും അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്ന് വീട്ടുജോലിക്കാരി പറഞ്ഞു. ഒരു നായ മാത്രമാണ് കൂടെയുള്ളത്. ആര്യയുടെ സഹോദരി സിംഗപ്പൂരിലാണ് സ്ഥിര താമസം. റൂമില്‍ നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
ദേവദത്ത ബാനര്‍ജിയെന്നാണ് ആര്യയുടെ യഥാര്‍ത്ഥ പേര്. അന്തരിച്ച സിത്താര്‍ കലാകാരന് നിഖില്‍ ബാനര്‍ജിയുടെ മകള്‍ കൂടിയാണ് ആര്യ. വിദ്യാ ബാലന് നായികയായ ഡേര്‍ട്ടി പിക്ചറാണ് ആര്യയുടെ ശ്രദ്ധേയ ചിത്രം. ചിത്രത്തില്‍ ഷക്കീല എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ലവ് സെക്സ് ആന്‍ഡ് ദോക എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.