ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും. ബംഗാളിലെ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന്റെ വാഹനത്തിനു നേരെയാണ് കല്ലേറുണ്ടായത്.
പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവിൽ വെച്ചാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടാകുന്നത്. ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
‘ദിലീപ് ഘോഷ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാഹനം ജെയ്ഗാവിൽ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം ഭാഗികമായി തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെ ഹാൽദിയ ടൗണിൽവെച്ച് നടന്ന റാലിക്കിടെ തൃണമൂൽ കോൺഗ്രസിനെതിരെ ദിലീപ് ഘോഷ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ തൃണമൂൽ പ്രർത്തകർ ഇത് നിഷേധിച്ചിട്ടുണ്ട്.