സത്യം മാത്രമേ ജയിക്കു എന്ന് പറഞ്ഞ് കള്ളം മാത്രം പറയുന്ന മന്ത്രിയാണ് കെ.ടി. ജലീലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറി, അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
‘ഏറ്റവും അവസാനമായി സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ വരെ ഇ.ഡി.ചോദ്യം ചെയ്തു. കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വഴിവിട്ട് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്’ പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിവശങ്കറിനെ പുറത്താക്കിയ മന്ത്രി ജലീലിനെ പുറത്താക്കാത്തത് എന്തുകൊണ്ട് ?. ചോദ്യം ചെയ്യന്‍ സ്വന്തം കാറില്‍ ആണ് അദ്ദേഹം പോയത് അല്ലാതെ നാല് പേര് അറിഞ്ഞല്ല പോയത്. എല്ലാ ഔദ്യോഗിക പരിവേഷങ്ങളും അഴിച്ചുവെച്ച് തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയുമാണ് ജലീല്‍ ചോദ്യം ചെയ്യലിന് പോയത്. ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലായിരുന്നുവെങ്കില്‍ നാല് പേര് അറിഞ്ഞ് ചോദ്യം ചെയ്യലിന് പോകരുതായിരുന്നോ?. ചോദ്യം ചെയ്യലിന് ശേഷം തലയുയര്‍ത്തിപ്പിടിച്ച് ഇക്കാര്യം പറയില്ലായിരുന്നോ ?. കൈകള്‍ പരിശുദ്ധമാണെങ്കില്‍ അത് ഉയര്‍ത്തിക്കാണിക്കാതിരുന്നത് എന്തുകൊണ്ട് ?. പച്ചക്കള്ളം പറയാന്‍ ഒരു മന്ത്രിക്ക് എങ്ങനെ പറ്റി ?. അദ്ദേഹം ഒരു കാര്യത്തെ പറ്റിയും പ്രതികരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഒളിഞ്ഞും പാത്തുമല്ല പോയത്. അവര്‍ ആവശ്യപ്പെട്ട രീതിയില്‍ തലയുയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പോയത്. ഇവിടെ രാജ്യദ്രോഹകുറ്റത്തിന് ഹാജരാകുന്നതും അതും തമ്മില്‍ ബന്ധമുണ്ട്. ജനങ്ങള്‍ ഇത് വിലയിരുത്തുന്നുണ്ടെന്ന് ഇടത് മുന്നണി മറക്കരുത്.
ഒരു മന്ത്രിയെ ചോദ്യം ചെയ്തത് വല്യ കാര്യമാണോയെന്ന് ഒരു മന്ത്രി ചോദിച്ചു. അദ്ദേഹത്തിന് അത് കുഴപ്പമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അത് നാണക്കേടായി. ഇനി മന്ത്രിയെ അറസ്റ്റ് ചെയ്താലും ഒരു കുഴപ്പവുമില്ലന്നേ അവര്‍ പറയു. ഈ മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.