സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി 1000 ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം പിടിച്ചതിനെ തുടർന്നാണ് നടപടി. റിസ്ക്ക് അലവൻസും, ഇൻസ്റ്റന്റീവും സർക്കാർ നൽകുന്നില്ലെന്നും കേരള ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ ഉള്ള ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതർ. തീവ്ര കൊവിഡ് ലക്ഷണമുള്ള രോഗികളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധികൾക്കിടയിൽ തിരുവന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കിളിമാനൂർ സ്വദേശി വിജയകുമാർ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. നേരത്തേ പോസിറ്റീവ് സ്ഥിരീകരിച്ച കല്ലറ ബിവറേജസിലെ ജീവനക്കാരന്റെ അച്ഛനാണ് വിജയകുമാർ.