മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ സംവിധായിക വിധു വിന്‍സെന്റും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടനയിലെ അംഗവും നടിയുമായ പാര്‍വതി തിരുവോത്ത്. ആല്‍ബര്‍ട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വിമര്‍ശനങ്ങളുമായി നിരവധി പേര് എത്തിയിരുന്നു. സാഹിത്യമല്ല, മറിച്ച് കൃത്യമായ മറുപടിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി.
പുരുഷന്മാര് സ്ത്രീകളെ വച്ച് പല കളികളും കളിക്കുമെന്നും എന്നാല്‍ സത്യം കാലം തെളിയിക്കുമെന്നും പാര്‍വതി പറയുന്നു. അപവാദ പ്രചരണങ്ങളില്‍ വിശ്വസിക്കാതെ മുന്നോട്ട് പോകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരെന്ത് പറഞ്ഞാലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്കറിയാം, തങ്ങള്‍ എല്ലാവരേയും കൂട്ടിപ്പിടിക്കുകയേ ചെയ്തിട്ടുള്ളൂ, പരസ്പരം ബഹുമാനിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങള്‍ എന്നും പാര്‍വതി വ്യക്തമാക്കി. പൊതുവിചാരണകള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങള്‍ എല്ലാവരും നിലവിലെ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പാര്‍വതി പറയുന്നു.