Entertainment

പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജിക്കുന്നു’; തുറന്നടിച്ച് ഷാന്‍ റഹ്‍മാന്‍

ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിപ്പയെ നേരിട്ടപ്പോള്‍ പ്രതിപക്ഷം മടകളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ഇത് പോലെയുള്ള വൈറസുകളെ തുരത്താന്‍ ആരോഗ്യ മന്ത്രിക്ക് പ്രാപ്തിയുണ്ടെന്നും ഷാന്‍ റഹ്‍മാന്‍ കുറിച്ചു.

ഷാന്‍ റഹ്‍മാന്റെ ഫേസ്ബുക്ക് കുറിപ്പ്

ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന ചെറിയ മാര്‍ഗങ്ങള്‍ പോലും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. നിപ്പ കാലത്ത് നിങ്ങളെല്ലാവരും മടകളില്‍‌ ഒളിച്ചിരുന്നപ്പോള്‍ അവരും അവരുടെ സംഘവുമാണ് അതിനെതിരെ പോരാടിയത്. വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റേത്. രാവും പകലും ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ജോലിചെയ്യുന്നു. മുഴുവന്‍ ലോകവും നമ്മളെ നിരീക്ഷിക്കുകയാണ്. മുഴുവന്‍ ലോകവും നമ്മില്‍ നിന്നാണ് പഠിക്കുന്നത്.

എനിക്കറിയാം നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല. കാരണം ഒരു മാധ്യമ ശ്രദ്ധയും ആഗ്രഹിക്കാത്ത ആരോഗ്യമന്ത്രി മുഴുവന്‍ മാധ്യമ ശ്രദ്ധയും കൊണ്ടുപോയിരിക്കുകയാണ്. ശൈലജ മാഡം സധൈര്യം അവരുടെ ജോലിയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തെയോര്‍ത്ത് നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമര്‍പ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങള്‍ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.’