നാടക വണ്ടിയുടെ ബോര്‍ഡ് അളന്ന് നോക്കി 24,000 രൂപ പിഴ ഈടാക്കിയ സംഭവം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഈ നടപടിയോട് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നാടക പ്രവര്‍ത്തകനും സിനിമ നടനുമായ ഹരീഷ് പേരടി.
പരിഹാസം കലര്‍ന്നുള്ള പോസ്റ്റാണ് ഹരീഷ് പങ്കുവെച്ചത്. പിഴ എഴുതിക്കൊടുത്ത ഉദ്യോഗസ്ഥയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയെടുക്കാമെന്നും ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാമെന്നും ഹരീഷ് പരിഹാസത്തോടെ കുറിക്കുന്നു. നാടക വണ്ടിയുടെ ബോര്‍ഡ് വീണ് ആയിരക്കണക്കിന് ആളുകള്‍ മരിച്ച നാടാണല്ലോ കേരളമെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെ നാടക കലാകാരന്മാര് കേരളം മുഴുവന്‍ നാടകബോര്‍ഡ് വെച്ച് ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമായത് എന്നും ഹരീഷ് പറയുന്നു. ചേറ്റുവ പാലത്തിന് സമീപത്ത് നിന്നാണ് ആലുവ അശ്വത് തിയറ്റേഴ്സിന്റെ വണ്ടിക്ക് വന്‍ പിഴ ചുമത്തിയത്.