India National

നിര്‍ഭയ കേസ്; പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും

രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. പുലര്‍ച്ചെ 5.30ന് വധശിക്ഷ നടപ്പിലാക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. പാട്യാല ഹൌസ് കോടതിയാണ് പുതിയ മരണവാറണ്ട് പ്രഖ്യാപിച്ചത്. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹരജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ പുതിയ മരണവാറണ്ട് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാരും കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളുടെ ദയാഹരജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണ കോടതി മരണവാറണ്ട് സ്റ്റേ ചെയ്തിരുന്നു. ദയാഹരജിയടക്കം കേസിലെ ‌നാല് പ്രതികളുടെയും നിയമവഴികള്‍ പൂര്‍ണമായും അവസാനിച്ചതിനാല്‍ ഇന്ന് പുറപ്പെടുവിക്കുന്ന മരണവാറണ്ട് അന്തിമമായേക്കും. അതിനിടെ പ്രതികളെ രണ്ടായി തൂക്കിലേറ്റാന്‍ അനുമതി തേടി കേന്ദ്രം നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബഞ്ചാണ് വിധി പറയുക.