ജൂനിയര്‍ ക്രിക്കറ്റില്‍ നേരത്തെ വരവറിയിച്ചുകഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ്, രണ്ട് മാസത്തിനിടയില്‍ രണ്ടാം ഇരട്ട സെഞ്ച്വറി നേടി മിന്നും ഫോമില്‍. അണ്ടര്‍-14 ബിടിആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റിലായിരുന്നു സമിതിന്റെ പ്രകടനം. സമിതിന്റെ ടീമായ മല്യ അതിദി ഇന്റര്‍നാഷണല്‍ സ്കൂളും ശ്രീ കുമാരന് സ്കൂളും തമ്മിലായിരുന്നു മത്സരം.
204 റണ്‍സാണ് സമിത് അടിച്ചെടുത്തത്. 33 ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു സമിതിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തിന്റെ മികവില്‍ മല്യ അതിദി സ്കൂള്‍ മൂന്നു വിക്കറ്റിന് 377 റണ്‍സ് നേടി. ബൗളിങ്ങിലും തിളങ്ങിയ സമിത് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ മല്യ അതിദി സ്കൂള്‍ 267 റണ്‍സിന് വിജയിച്ചു. 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീ കുമാരന് സ്കൂള്‍ 110 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഡിസംബറില്‍ അണ്ടര്‍-14 ഇന്റര്‍-സോണല്‍ ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറി നേടിയാണ് സമിത് വാര്‍ത്തകളില്‍ ഇടംനേടുന്നത്. അന്ന് 256 പന്തില്‍ നിന്ന് 201 റണ്‍സാണ് നേടിയത്. 22 ഫോറായിരുന്നു സമിതിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 94 റണ്‍സ് നേടിയും സമിത് തിളങ്ങി.