India Kerala

പ്രതിഷേധം നിരത്തില്‍ വേണ്ട, മൈതാനത്ത് മതിയെന്ന് മലപ്പുറം കലക്ടര്‍

പ്രതിഷേധങ്ങൾ അതിരു കടക്കരുതെന്നും സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുമെന്നും മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. പൊതുനിരത്തുകളിലെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കലക്ടറുടെ നിർദേശം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗത തടസമുണ്ടാക്കുന്ന തരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഒഴിവാക്കണം. പൊതുനിരത്തുകളിൽ പ്രതിഷേധങ്ങൾ ഒഴിവാക്കുകയും പകരം മൈതാനങ്ങൾ തെരഞ്ഞെടുക്കുമെന്നുമാണ് കളക്ടറുടെ അഭ്യർത്ഥന. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ ഇപ്പോൾ നിലവിലുള്ള നിബന്ധന കർശനമായി പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും നാട്ടിൽ സമാധാനവും സ്വൈര്യം ജീവിതവും ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാൽ മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തും നടപടികൾ ഉണ്ടാകരുതെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ താലൂക്ക് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും യോഗം വിളിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികൾ വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.