ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക മത്സരം വീണ്ടും ചര്‍ച്ചകളില്‍. മത്സരത്തിനിടെ ലങ്കന്‍ പേസര്‍ മതീഷ പതിരന എറഞ്ഞ ഒരു പന്ത് മണിക്കൂറില്‍ 175 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗത കൈവരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ഇന്ത്യന്‍ ഇന്നിംഗിസിലെ നാലാം ഓവറില്‍ യശസ്വി ജെയ്സ്വാളിനെതിരെയാണ് പതിരനയുടെ ഈ പന്ത്. സൂപ്പര്‍ ബൗളര്‍ ലസിത് മലിംഗയുടേത് പോലുള്ള ബൗളിങ്ങ് ആക്ഷനുള്ള പതിരന എറിഞ്ഞ പന്ത് വൈഡായാണ് കലാശിച്ചത്. എന്നാല്‍ പിന്നാലെ തന്നെ ടി.വി സ്ക്രീനുകളില്‍ പന്തിന്റെ വേഗത മണിക്കൂര്‍ 175 കിലോമീറ്റര്‍ എന്ന് കാണിച്ചു. മൈല്‍ കണക്കിലേക്ക് മാറ്റിയാല്‍ 108 മൈല്‍.
അതേസമയം ഈ കണക്കിന്റെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സാങ്കേതിക പിഴവുകളാണോ ഇത്തരമൊരു വേഗത രേഖപ്പെടുത്തയതിന് കാരണമെന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഐ.സി.സിയോ മറ്റ് അധികൃതരെ എന്തെങ്കിലും പിഴവുകളുള്ളതായി പറഞ്ഞിട്ടുമില്ല എന്നത് ശ്രദ്ധേയമാണ്.