പ്രതിദിനം കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയെ വില്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. എയര്‍ഇന്ത്യ സ്വകാര്യവത്കരണ നടപടികള്‍ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് വില്‍പ്പനയ്ക്കുള്ള നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്‍ഗിഡോ, ഇത്തിഹാദ് എയര്‍വേസ് എന്നീ വമ്ബന്‍ വിമാനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്ബനികള്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. വിദേശ വിമാനക്കമ്ബനിയായ ഇത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാല്‍ ഇത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേര്‍ന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാന്‍ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര വിമാനകമ്ബനിയായ ഇന്‍ഡിഗോയും എയര്‍ഇന്ത്യയെ സ്വന്തമാക്കാന്‍ മുന്നില്‍ തന്നെയുണ്ട്. നിലവിലെ ചട്ടപ്രകാരം ഇന്‍ഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടാറ്റയ്ക്ക് ഇപ്പോള്‍ വിമാനത്തില്‍ താല്പര്യമില്ലെന്നാണ് സൂചന. നേരത്തെ എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നതിനാല്‍ തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.