India Kerala

യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ്

പന്തീരങ്കാവ് യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ് ജമീല. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ജമീല മീഡിയ വണിനോട് പറഞ്ഞു. മീഡിയ വൺ എക്സ്ക്ലൂസീവ്.

യു.എ.പി.എ ചുമത്തി അലനെയും താഹ യേയും അറസ്റ്റ് ചെയ്ത ദിവസം തന്നെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുവരുടെയും ബന്ധുക്കൾ കണ്ടിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനോടൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അലനും താഹയും തെറ്റുകാരാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് താഹയുടെ ഉമ്മ ജമീല പറഞ്ഞു. നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കര്‍ശന നിലപാട് എടുക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി നിലപാട്. പിന്നീട് വീട്ടിലെത്തിയ മന്ത്രിമാരും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നെന്നും ജമീല പറഞ്ഞു.

പന്തീരങ്കാവ് യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നത്.