പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്ന് മോദി കൂട്ടിച്ചേർത്തു. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ്. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത് കടമയാണെന്നും മോദി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് എനിക്ക് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്.
ഇതിനിടെ, പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കഴിഞ്ഞു. ഫിറോസാബാദില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ വയറിന് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഖീം എന്ന ഇരുപതുകാരനാണ് ഒടുവില്‍ മരിച്ചത്. കുപ്പിവള നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ മുഖീം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഗുരുതരമായി പരിക്കേറ്റത്.