മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെയൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി മഞ്ജു വാര്യര്‍ എത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അങ്ങനെയൊരു അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്. ആ സന്തോഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രമൊരുക്കുന്നത്. ത്രില്ലര്‍ ചിത്രവുമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും എത്തുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ലവ് 24+7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില് പ്രേക്ഷകരും സന്തോഷത്തിലാണ്. ജിസ് ജോയിയയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍ ടി ചാക്കോ.
കഥ ഇഷ്ടമായതോടെയാണ് മമ്മൂട്ടി തിരക്കുകളെല്ലാം മാറ്റി വെച്ച് ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയത്. പുതുവര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയും ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പടയെന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ട്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം ജോഫിന്റെ ചിത്രത്തിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് പടയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈലോക്കാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. കഴുത്തറുപ്പന്‍ പലിശക്കാരനായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി അവസാന വാരത്തിലാണ് ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തുന്നത്.