റേഷന്‍ സാധനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ക്രിസ്മസ്കാലത്ത് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത് എന്നിവിടങ്ങളിലെ റേഷന്‍കടകളില്‍ മാസം പകുതിയായിട്ടും സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അരി, ആട്ട, മണ്ണെണ്ണ എന്നിവ എത്തിയിട്ടില്ലെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് വ്യക്തമാക്കി .
കരാറുകാരന് വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട് സപ്ലൈകോ കരാറില്‍നിന്ന് ഒഴിവായി. ബദല്‍ സംവിധാനം ഒരുക്കുന്നതിന് സപ്ലൈകോ കൂടി പരാജയപ്പെട്ടതോടെ മുഴുവന്‍ കടകളും കാലിയായി കിടക്കുകയാണ് . വിതരണത്തിനാവശ്യമായ റേഷന്‍ മണ്ണെണ്ണ റേഷന്‍കടകളില്‍ സ്റ്റോക്കില്ലെന്നും അവര്‍ പറഞ്ഞു .
ഭക്ഷ്യമന്ത്രി പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന് താലൂക്ക് ഭാരവാഹികളുടെ ആവശ്യം .