Entertainment

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും

ഷെയിൻ നിഗത്തിനെതിരായ വിലക്കിൽ സമവായ ചർച്ച നീളും. ഷെയിനുമായി ചർച്ച നടത്തിയ ശേഷം മതി നിർമാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മ നേതൃത്വത്തിനുള്ളിലെ ധാരണ. ഉത്തരേന്ത്യയിലുള്ള ഷെയിൻ നിഗം മടങ്ങി എത്തിയ ശേഷമേ ഇനി വിലക്ക് നീക്കാനുള്ള ചർച്ച ആരംഭിക്കൂ.

നിർമ്മാതാക്കളുടെ വിലക്കിൽ ഷെയിൻ നിഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മതി നിർമ്മാതാക്കളുമായുള്ള ചർച്ച എന്നാണ് അമ്മക്കുള്ളിലെ തീരുമാനം. ഷെയിനിന്റെ സാന്നിധ്യത്തിൽ അമ്മയുമായി ചർച്ചക്കില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിർമാതാക്കളുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് ഷെയിനും കുടുംബവും. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിൽ നിന്ന് ഷെയിൻ തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാനാണ് അമ്മയുടെ തീരുമാനം. ഷെയിൻ തിരിച്ചെത്താൻ ഇനിയും രണ്ട് ദിവസം കഴിയും എന്നാണ് സൂചന. രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിനാൽ ചില സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്തേക്ക് പോവുകയാണ്. ഇരു വിഭാഗങ്ങളുടെയും സൗകര്യം നോക്കിയാകും ഇനിയുള്ള ചർച്ചകൾ.