India Kerala

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം‌‌. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം പലയിടങ്ങളിലും മഴയുണ്ടാകും. ഇന്ന് എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളത് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ്,കേരള കര്‍ണ്ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.