22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തേ ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നവാഗതനായ ജോഫിന്‍ ചാക്കോയുടെ സ്‌ക്രിപ്റ്റില്‍ ആകൃഷ്ടനായ മമ്മൂട്ടി ആ ചിത്രം നഷ്ടപ്പെടാതിരിക്കാന്‍ വേഗത്തില്‍ ഡേറ്റ് നല്‍കിയിതിനൊപ്പം ഓണം റിലീസിന് അനുയോജ്യമായ ചിത്രമാകും എന്ന കണക്കു കൂട്ടലും കൂടി ചേര്‍ന്നതോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രം ഏപ്രിലിലേക്ക് മാറ്റിയത്. അതിനു മുന്‍പായി ആരാധകര്‍ കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് മെഗാസ്റ്റാര്‍ തുടങ്ങുമെന്നും സൂചനയുണ്ട്.
‘ ഒരു ഇന്ത്യന്‍ പ്രണയകഥ’, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ സത്യന്‍ അന്തിക്കാടിനായി ഇഖ്ബാല്‍ രചന നിര്‍വഹിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തിയ കളിക്കളം, അര്‍ത്ഥം എന്നീ ചിത്രങ്ങള്‍ വലിയ വിജയം നേടിയപ്പോള്‍ ഗോളാന്തര വാര്‍ത്തകള്‍, നമ്ബര്‍ വണ്‍ സ്‌നേഹതീരം എന്നിവ ശരാശരി വിജയങ്ങളായിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ശ്രദ്ധ നേടിയില്ല.