സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന് മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. പാന്യം നഗരത്തിലെ വിജയനി കേതന് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഓടുന്നതിനിടയില്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല് തെറ്റി വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ക്കൂള് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് റെജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണമാരംഭിച്ചു.