ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യൂസഫ് പത്താന്. പ്രായം 36 ആയെങ്കിലും പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പത്താന്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ – ഗോവ മത്സരത്തിനിടെ പത്താന്റെ മിന്നല്‍ ക്യാച്ചാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഗോവ നായകന് ദര്ശന് മിസാലിനെ ഒറ്റക്കയ്യില്‍ പറന്നെടുത്ത ക്യാച്ചിലൂടെ പത്താന് പുറത്താക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സഹോദരന് ഇര്ഫാന് പത്താനാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ”ഇതെന്താ പക്ഷിയാണോ, അല്ല, ഇതാണ് യൂസഫ് പത്താന്.” എന്ന അടിക്കുറിപ്പോടെയാണ് ഇര്ഫാന് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.