India Kerala

നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ; ഹൈബി ഈഡനെതിരെ കൊച്ചി മേയറുടെ ഒളിയമ്പ്

കോർപ്പറേഷനെതിരെ രംഗത്തെത്തിയ ഹൈബി ഈഡൻ എം.പി ക്കെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിന്‍. വിമർശിക്കുന്നവർ കൊച്ചിയുടെ വികസന കാര്യത്തിൽ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് ആലോചിക്കണം. തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണമെന്താണെന്ന് അറിയില്ല.

ശാസ്ത്രീയമായ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് ഹൈക്കോടതി പരാമർശം. രാജി വക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മേയർ പറഞ്ഞു. ഹൈബിയുടെ കോർപ്പറേഷനെതിരായ വിമർശനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മേയറുടെ സ്ഥാനമാറ്റം പാർട്ടി തീരുമാനിക്കട്ടെയെന്നായിരുന്നു ടി.ജെ വിനോദിന്റെ പ്രതികരണം. അതേസമയം മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും എ.ഐ.വൈ.എഫും കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് തട്ടിക്കയറാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.