സംവിധായകന് ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. പരാതിയില്‍ പോലീസ് നിയമോപദേശം തേടി. മഞ്ജുവിനും തനിക്കും അറിയാവുന്ന രഹസ്യങ്ങള്‍ പോലീസിനോട് പറയുമെന്ന് ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ പ്രതികരിച്ചു. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് മാത്യു സാമുവലും അറിയിച്ചു.
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ഇന്നലെയാണ് നടി മഞ്ജുവാര്യര്‍ ഡി.ജി.പിയെ സമീപിച്ചത്. മഞ്ജുവാര്യരുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നിയമോപദേശം തേടുമെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചയോടെ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി സംവിധായകന് ശ്രീകുമാര്‍ മേനോനും രംഗത്തെത്തി. മഞ്ജുവിനെ തിരികെ സിനിമയിലെത്തിച്ചത് താനാണെന്നും മഞ്ജു നന്ദിക്കേട് കാണിക്കുന്ന ആളാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. ഏതുതരത്തിലുള്ള അന്വേഷണത്തെയും നേരിടുമെന്നും തനിക്കും മഞ്ജുവിനും മാത്രം അറിയുന്ന കാര്യങ്ങള്‍ പൊലീസിനോട് പറയുമെന്നും കുറിപ്പില്‍ താക്കീതെന്ന രീതിയില്‍ സൂചന നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് മാത്യു സാമുവല്‍.
അതേസമയം മഞ്ജുവിനെതിരെ എവിടെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും മഞ്ജുവിന്റെ ലെറ്റര്‍ പാഡ് കൈവശമില്ലെന്നും മാധ്യമപ്രവര്ത്തകന് മാത്യു സാമുവലും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശ്രീകുമാര്‍ മേനോന് അപായപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.